അങ്കാര: സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരവെ തുര്‍ക്കിക്കെതിരെ വ്യാപാരമേഖലയില്‍ സൗദി നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കി വ്യാപാര മേഖലയുമായുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍ സൗദി അധികൃതര്‍ രാജ്യത്തെ ബിസിനസ് മേഖലകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മേഡ് ഇന്‍ തുര്‍ക്കി സ്റ്റാമ്പുള്ള എല്ലാ ഉല്‍പന്നത്തിനും സൗദി അനൗദ്യോഗികമായി വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് തുര്‍ക്കി അധികൃതര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറയുന്നത്.
സൗദിയിലെ കമ്പനികളെ സൗദി സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിട്ടു വിളിക്കുകയും തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബിസിനസ് ചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
തുര്‍ക്കി അധികൃതര്‍ നല്‍കുന്ന വിവര പ്രകാരം പഴങ്ങളും പച്ചക്കറികളുടെയും തുര്‍ക്കിയുടെ ട്രക്കുകള്‍ സൗദിയിലേക്ക് കടത്തുന്നില്ല. ഇതു സംബന്ധിച്ച് തുര്‍ക്കി വാണിജ്യ മന്ത്രി സൗദി വാണിജ്യ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ലോക വാണിജ്യ സംഘടനയുടെ നടപടികള്‍ മുന്നില്‍ കണ്ട് സൗദിക്ക് തുര്‍ക്കിക്കെതിരെയുള്ള പുതിയ നയം പരസ്യമാക്കുന്നില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.
ഒപ്പം സൗദിയില്‍ ജോലി ചെയ്യുന്ന തുര്‍ക്കി പൗരരായ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള തൊഴില്‍ കരാര്‍ സൗദി പിന്‍വലിക്കുകയുമാണെന്നും റിപ്പോര്‍ട്ടുണ്ട്.
നീക്കം തുടരുകയാണെങ്കില്‍ ഇതു സംബന്ധിച്ച് ആഗോള വാണിജ്യ സംഘടനയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തുര്‍ക്കി.
സിറിയയയോടും ലിബിയയോടും ഉള്ള നയത്തിലുള്ള ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസത്തിനു പുറമെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവും ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുകയായിരുന്നു.









































