കഴിഞ്ഞ അഞ്ചു മാസത്തോളം കോവിഡ് 19 കാലത്ത് യുഎഇയിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന അക്കാഫ് വോളന്റീയർ ഗ്രൂപ്പ് നിരവധി പേർക്കാണ് കൈത്താങ്ങായത്. മഹാമാരി കാരണം ദുരിതം അനുഭവിച്ച് ജോലി നഷ്ടപ്പെട്ടവർക്കും ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപെട്ടവർക്കും കോവിഡ് രോഗികൾക്കും അക്കാഫ് വോളന്റീയർ ഗ്രൂപ്പ് ഒരു കൂട്ടാവുകയായിരുന്നു.
സൗജന്യ കോവിഡ് ടെസ്റ്റിംഗ്, പോസിറ്റീവ് രോഗികൾക്കുള്ള പിക്കപ്പ് സൗകര്യം, ഏകദേശം 5000 ആളുകൾക്ക് ഭക്ഷണ കിറ്റ് വിതരണം, ഡോക്ടർ ആൻഡ് മെഡിസിൻ സപ്പോർട്ട്, അങ്ങനെ അക്കാഫ് വോളന്റീയർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിരവധിയാണ്.
നാട്ടിലേക്കുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചപ്പോൾ അതിലും ആളുകളെ സഹായിക്കാൻ അക്കാഫ് വോളന്റീയർസ് ഉണ്ടായിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെയും, മുതിര്‍ന്ന പൗരന്മാരെയും, ഗർഭിണികളെയും, കുട്ടികളെയും സഹായിക്കാൻ അക്കാഫ് വോളന്റീയർ ഗ്രൂപ്പ് മുന്നോട്ടു വന്നു. ഏകദേശം 2000 പേരെ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു നാട്ടിലെത്തിക്കാനും സാധിച്ചു. ആദ്യമായി ഒരു എമിറേറ്റ്സ് ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നതും അക്കാഫ് വോളന്റീയർ ഗ്രൂപ്പായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്.
ഈ വരുന്ന 25ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള ചാർട്ടർ വിമാനത്തിൽ ഏകദേശം 190 ആളുകളെ തികച്ചും സൗജന്യമായി അക്കാഫ് വോളന്റീയർ ഗ്രൂപ്പ് നാട്ടിലെത്തിക്കും. ഇതിനു വേണ്ടി കഴിഞ്ഞ കുറെ ദിവസങ്ങളായി ജനറൽ കൺവീനർ സാനു മാത്യു (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനി) ജോയിന്റ് ജനറൽ കൺവീനർ ഷുജാ സോമൻ (എസ് എൻ കോളേജ് വർക്കല അലൂമിനി) എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് പേർ വീതം അടങ്ങുന്ന 25ഓളം പേർ പ്രവർത്തിക്കുകയാണ്. ഓൺലൈനിലെ ഓരോ രജിസ്ട്രേഷനും നേരിട്ട് കണ്ടറിഞ്ഞ് തികച്ചും അർഹരായവർക്കാണ്യ യാത്ര സൗകര്യം കൊടുക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനിയുടെ ഭാഗമായ ടി എൻ കൃഷ്ണകുമാർ 55 ഓളം പേർക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തു.
അക്കാഫ് വോളന്റീയർ ഗ്രൂപ്പിലെ നേതാക്കളായ ഡോ. ജെറോ, ഷാജി എ ആർ, രാജേഷ് പിള്ള, ഷക്കീർ ഹുസൈൻ, അനിൽ കുമാർ, ബിനിൽ സ്കറിയ, മുനീർ സി.എൽ. എന്നവരടങ്ങുന്ന ഒരു വലിയ നിര തന്നെ ഇതിനു വേണ്ടി പരിശ്രമിച്ചു.