gnn24x7

ബി.എസ്.പി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി

0
465
gnn24x7

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബി.എസ്.പി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. ആറ് എം.എല്‍.എമാരാണ് ബി.എസ്.പിക്കുള്ളത്. നേരത്തെ ഈ ആറ് എം.എല്‍.എമാരും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ലയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നും വിപ്പ് നല്‍കിയ കൂട്ടത്തില്‍ ബി.എസ്.പി. വ്യക്തമാക്കിയിട്ടുണ്ട്. 

കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബി.എസ്.പി. എം.എല്‍.എമാര്‍ നിയമസഭാകക്ഷിയോഗത്തിലും പങ്കെടുത്തിരുന്നില്ല. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. ഇതില്‍ ആറ് എം.എല്‍.എമാരാണ് ബി.എസ്.പിക്ക് ഉള്ളത്. ഇവര്‍ക്കാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഭ ചേരുന്ന ഘട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പോ മറ്റ് എന്ത് നടപടിയുണ്ടായാലും കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബി.എസ്.പി. ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചുവരുത്തുന്ന നീക്കമാണെന്നും ബി.എസ്.പി. ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ പറയുന്നത്. ബി.എസ്.പിയുടെ നിലപാടോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. 102 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ആറ് ബി.എസ്.പി. എം.എല്‍.എമാര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ ആറുപേര്‍ വിപ്പ് ലംഘിക്കുകയും അയോഗ്യരാക്കപ്പെടുകയും ചെയ്താല്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി വഷളാകും.

ബി.എസ്.പിയുടെ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരാണ് ഈ ആറ് എം.എല്‍.എമാരും. എന്നാല്‍ ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന തരത്തില്‍ സ്പീക്കര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നാണ് ബി.എസ്.പി. നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതിനിടെ രാജസ്ഥാനിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നത് തത്കാലം തടഞ്ഞ ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സ്പീക്കർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാവിലെ 11 മണിക്ക് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തതസ്ഥിതി തുടരാൻ കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

അതേസമയം ഹർജി പിൻവലിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കം തുടങ്ങി. നിയമസഭാ സമ്മേളനം കേസിന്‍റെ പേരിൽ മാറ്റിവയ്ക്കുന്നതുകൊണ്ടാണ് ഈ ആലോചന. രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയമസഭ സമ്മേളനം വിളിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയത്. കൊവിഡ് ചർച്ച ചെയ്യാൻ മാത്രമായി സമ്മേളനം ചേരണമെന്ന പുതിയ ശുപാർശ മുഖ്യമന്ത്രി അശോക് ഗലോട്ട് ഗവർണ്ണർക്ക് നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here