വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപി ഏറ്റവും അടുത്ത വൃത്തത്തിലേക്കും കോവിഡ് -19 എത്തി…
US ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയ (Robert O’Brien)നാണ് ഏറ്റവും ഒടുവിലായി കോവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വൈറ്റ്ഹൗസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഏറ്റവും ഉന്നതനാണ് ട്രംപുമായി ദിവസേന സമ്പര്‍ക്കമുള്ള റോബര്‍ട്ട് ഒ ബ്രിയന്‍.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായും സുരക്ഷിതമായ കേന്ദ്രത്തിലിരുന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ രോഗം പടരാനുള്ള സാധ്യതയില്ലെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളിലാതെ തുടരുന്നുണ്ടെന്നും പ്രസ്താവനയില്‍ വൈറ്റ് ഹൗസ് അറിയിച്ചു.
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി സ്ഥിരമായി ബന്ധപ്പെടുന്ന ഒ ബ്രിയന്‍ അവസാനമായി എപ്പോഴാണ് അദ്ദേഹവുമായി അടുത്തു പെരുമാറിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരും ജൂലായ് 10ന് മിയാമിയിലെ യു എസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതാണ് അവസാനത്തെ പൊതുപരിപാടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് നേരിയ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മുന്‍പ് ട്രംപിന്‍റെ സഹായിക്കും വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്‍റെ പ്രസ് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അമേരിക്കയില്‍ ഇതുവരെ 4.37 മില്യണ്‍ ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത്. 1,43,000 പേരാണ് ഇതിനകം യു എസില്‍ മരിച്ചത്. ലോകത്തിലെ ആകെ മരണങ്ങളുടെ അഞ്ചിലൊന്നാണിത്.







































