ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് യുദ്ധവിമാനങ്ങളെത്തുക. അംബാലയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
വീഡിയോ പകർത്തുന്നതും ചിത്രങ്ങളെടുക്കുന്നതും നിരോധിച്ചു. വ്യോമത്താവളത്തിന് മൂന്നു കിലോ മീറ്റർ ചുറ്റളവിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.
പ്രദേശത്ത് 144 പ്രഖ്യാപിച്ചു. നാലിൽ അധികം പേർ കൂട്ടംകൂടുന്നതും നിരോധിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു. വ്യോമത്താവളത്തിന്റെ മതിലുകളോ സമീപപ്രദേശങ്ങളോ പകർത്തുന്നതും നിരോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങൾ 7000 കിലോമീര്റർ പിന്നിട്ടാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കുന്നതിനായി വിമാനങ്ങൾ യുഎഇയിലെ ഫ്രഞ്ച് വ്യോമത്താവളത്തിലിറങ്ങിയിരുന്നു. മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ സീറ്റർ എയർക്രാഫ്റ്റുകളാണ് ആദ്യ ബാച്ചിലുള്ളതെന്നാണ് വ്യോമസേനാവൃത്തങ്ങൾ പറയുന്നത്.
അംബാല വ്യോമത്താവളത്തിൽ എയർ ചീഫ് മാർഷൽ ആർകെഎസ് ബാദുരിയ വിമാനങ്ങള്‍ ഏറ്റുവാങ്ങും. അംബാല പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.
അംബാലയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണെന്നനും കോവിഡ് മഹാമാരിയുടെ സമയമല്ലായിരുന്നെങ്കിൽ പതിനായിരക്കണക്കിന് ജനങ്ങൾ വിമാനങ്ങളെ സ്വീകരിക്കാൻ നിരത്തിൽ അണിനിരക്കുമായിരുന്നുവെന്നും ബിജെപി നേതാവും അംബാല കന്റോൺമെന്റിൽ നിന്ന് ആറുതവണ എംഎൽഎയുമായ അനിൽ വിജ് പറഞ്ഞു.
റഫാൽ വിമാനങ്ങളെ വരവേറ്റ് കൊണ്ട് രാത്രി 7നും 7.30നും ഇടയിൽ വീടുകളിൽ മെഴുകുതിരി തെളിയിക്കാൻ അംബാല സിറ്റി എംഎൽഎയും ബിജെപി നേതാവുമായ അസീം ഗോയൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അഞ്ചുവിമാനങ്ങളും ഇന്ന് വ്യോമസേനയുടെ ഭാഗമാകും. എന്നാൽ ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്താനാണ് തീരുമാനം. നമ്പർ 12 സ്ക്വാഡ്രൻ ഗോൾഡൻ ആരോസിലെ പൈലറ്റുമാർക്കാണ് റഫാൽ വിമാനങ്ങളുടെ ചുമതല.
നാലുവർഷം മുൻപാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഏകദേശം 59,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടത്.