ന്യൂദല്‍ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി.
കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മാര്‍ച്ച് 24 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയ്ക്കാണ് പിന്നീട് രാജ്യം സാക്ഷിയായത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള്‍ ഇരട്ടിയാവുകയാണ്. ഈ നില തുടരുകയാണെങ്കില്‍ ബ്രിട്ടനിലെ മരണ സംഖ്യയെ ഇന്ത്യ ഓഗസ്റ്റ് പകുതിയോടെ മറികടക്കും.
കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകളുടെ ശരാശരി കണക്കാക്കിയാല്‍ ഇന്ത്യയിലെ പ്രതിദിന മരണസംഖ്യ 735 ആണ്. ബ്രിട്ടനില്‍ 46000 പേരാണ് ഇതിനകം മരിച്ചത്.
ഇന്ത്യയില്‍ പ്രതിദിനം 65000 പേരിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. ജൂലൈ മാസത്തില്‍ രാജ്യത്ത് നടന്ന പരിശോധന ഇരട്ടിയായിട്ടുണ്ട്.
നിലവില്‍ ബ്രസീലിലാണ് ഇന്ത്യയെക്കാള്‍ മരണ സംഖ്യ കൂടുതല്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം അവിടെയും മരണ നിരക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അമേരിക്കയില്‍ മരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമാനമായ രീതിയിലാണ് ഇന്ത്യയിലെ സ്ഥിതിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മരണസംഖ്യ ഒന്നരലക്ഷം കവിഞ്ഞിരിക്കുകയാണ്.







































