gnn24x7

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

0
218
gnn24x7

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും പല്ലിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും ചെയ്യുന്നു. കഠിനമായ പല്ലുവേദന, അണുബാധ, പല്ല് നഷ്ടപ്പെടല്‍ എന്നിവയ്ക്ക് അവ കാരണമാകും.

പല കാരണങ്ങളാലും നിങ്ങളുടെ പല്ലില്‍ പോട് വീഴാവുന്നതാണ്. നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍, പഞ്ചസാര പാനീയങ്ങള്‍, പല്ലുകള്‍ നന്നായി വൃത്തിയാക്കാതിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ പല്ലുകള്‍ നശിക്കുന്നതിന് അല്ലെങ്കില്‍ കാവിറ്റിക്ക് കാരണമാകുന്നു. എന്നാല്‍ ചില ഭക്ഷണങ്ങളും നിങ്ങള്‍ അറിയാതെ തന്നെ പല്ലിന് തകരാറ് സൃഷ്ടിക്കാന്‍ കാരണമാകുന്നു. അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇനി ഇത്തരം ഭക്ഷണങ്ങള്‍ മനസ്സറിഞ്ഞ് കഴിക്കുമ്പോള്‍ നിങ്ങളുടെ പല്ലുകളുടെ കാര്യം കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

പുളിപ്പുള്ള മിഠായികള്‍

മിഠായി നിങ്ങളുടെ പല്ലുകള്‍ക്ക് കേടു വരുത്തുന്നതാണെന്ന് കുട്ടിക്കാലം മുതലേ മിക്കവരും കേള്‍ക്കുന്നതാവും. എന്നാല്‍ സാധാരണ മിഠായികളെക്കാള്‍ ഉപരിയായി പുളിപ്പുള്ള മിഠായികള്‍ നിങ്ങളുടെ പല്ലിനെ കൂടുതല്‍ കേടുവരുത്തുന്നു. ഇവയില്‍ കൂടുതല്‍ കടുപ്പമുള്ള ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചവയ്ക്കുമ്പോഴോ കടിച്ചു പൊട്ടിക്കുമ്പോഴേ ഇവ നിങ്ങളുടെ പല്ലുകളില്‍ കൂടുതല്‍ നേരം പറ്റിനില്‍ക്കുന്നു. ഇതിലൂടെ ദന്തക്ഷയത്തിന് വഴിതെളിയുന്നു. അതിനാല്‍ കാവിറ്റിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മിഠായികളുടെ ഉപഭോഗം കുറയ്ക്കുക.

ബ്രഡ്

മിഠായികള്‍ പോലെ തന്നെ പല്ലിന് പണി തരുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ബ്രഡ്. ഇവ നിങ്ങള്‍ ചവയ്ക്കുമ്പോള്‍, പേസ്റ്റ് പോലുള്ള പദാര്‍ത്ഥമായി രൂപാന്തരപ്പെടുകയും പല്ലുകള്‍ക്കിടയില്‍ പറ്റിനില്‍ക്കുകയും ചെയ്യുന്നു. വായിലെ ഉമിനീര്‍ ബ്രഡിലെ അന്നജത്തെ പഞ്ചസാരയായി വിഘടിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് നിങ്ങളുടെ പല്ലിനു കേടുവരുത്തുന്നു.

മദ്യം

മദ്യം തികച്ചും ആരോഗ്യകരമായൊരു വസ്തുവാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് പല്ലുകള്‍ക്കും. പല്ലില്‍ ഭക്ഷണങ്ങള്‍ പറ്റിനില്‍ക്കുന്നത് തടയാന്‍ ഉമിനീര്‍ സഹായിക്കുന്നു. പല്ല് നശിക്കല്‍, മോണരോഗം, മറ്റ് അണുബാധകള്‍ എന്നിവ തടയുന്നതിനും സഹായകമാണ് ഉമിനീര്. എന്നാല്‍ മദ്യം കുടിക്കുന്നതിലൂടെ വായ വരണ്ടതായി മാറുകയും ഉമിനീര്‍ കുറവാകുകയും ചെയ്യുന്നു. ഇത് പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. നിങ്ങളുടെ വായില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.

സോഡ

വലിയ അളവില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങളുടെ പല്ലിന് ദോഷകരമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. സോഡകളും കാര്‍ബണേറ്റഡ് പാനീയങ്ങളും നിങ്ങളുടെ പല്ലുകളെ കേടുവരുത്തുന്നു. പതിവായി സോഡ കുടിക്കുന്നവര്‍ക്ക് പല്ലില്‍ ആസിഡ് മൂടുകയും ഇത് നിങ്ങളുടെ വായ വരളുന്നതിനു കാരണമാവുകയും ചെയ്യുന്നു. പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡ് ഉത്പാദിപ്പിക്കാന്‍ വഴിവയ്ക്കുന്നവയാണ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍.

ഐസ്

പല്ലിനെ നശിപ്പിക്കുന്ന മറ്റൊന്നാണ് ഐസ്. ഐസ് ചവയ്ക്കുന്നതാണ് ഏറ്റവും അപകടകരം. കഠിനമായ പദാര്‍ത്ഥത്തില്‍ ചവയ്ക്കുന്നത് പല്ലിന്റെ ഇനാമലിനെ തകരാറിലാക്കുന്നു.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സരസഫലങ്ങള്‍ ആരോഗ്യകരമായി മികച്ചവയാണ്. ഇവയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയുടെ ആസിഡിന്റെ അളവ് ഇനാമലിനെ തകര്‍ക്കുകയും പല്ലുകള്‍ ക്ഷയിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വായയിലെ ചെറിയ വ്രണങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇത്തരം പഴങ്ങളില്‍ നിന്നുള്ള ആസിഡ്.

ഡ്രൈ ഫ്രൂട്ട്‌സ്

ആരോഗ്യകരമായ ലഘുഭക്ഷണമാണ് ഡ്രൈ ഫ്രൂട്ടുകള്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ ഉണങ്ങിയ പല പഴങ്ങളും ആപ്രിക്കോട്ട്, പ്ലം, അത്തിപ്പഴം, ഉണക്കമുന്തിരി എന്നിവ അല്‍പം ഒട്ടുന്ന തരത്തിലുള്ളവയാണ്. ധാരളം പഞ്ചസാര അടങ്ങിയ ഇവ പല്ലുകളിലും വിള്ളലുകളിലും കുടുങ്ങി നിങ്ങളുടെ പല്ലിന് തകരാറ് സൃഷ്ടിക്കുന്നു.

കോഫിയും ചായയും

സാധാരണയായി കോഫി, ചായ എന്നിവ കഴിക്കുന്നത് അത്ര ദോഷകരമല്ല. എന്നിരുന്നാലും, അമിതമായി കഴിച്ചാല്‍ ഇത് വായ വരണ്ടതാക്കുകയും പല്ലുകള്‍ കറപിടിക്കാന്‍ കാരണമാവുകയും ചെയ്യും. വെളുത്ത പല്ലുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാനീയങ്ങളില്‍ പഞ്ചസാര ഉപയോഗിക്കുന്നത് കുറയ്ക്കുക.

ചിപ്‌സ്

പാക്കറ്റില്‍ ലഭിക്കുന്ന ക്രിസ്പിയായ ഭക്ഷണസാധനങ്ങള്‍ പല്ലിനെ തകരാറിലാക്കുന്നവയാണ്. അന്നജം നിറഞ്ഞ ഇവ പഞ്ചസാരയായി മാറുകയും പല്ലുകള്‍ക്കിടയില്‍ കുടുങ്ങുകയും ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ചിപ്‌സുകളില്‍ നിന്നുള്ള ആസിഡ് ഉല്‍പാദനം പല്ലുകള്‍ക്കിടയില്‍ അല്‍പനേരം നിലനിര്‍ത്തുന്നത് കാവിറ്റിയിലേക്ക് വഴിവയ്ക്കുന്നതാണ്.

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

പല്ലുകളുടെ ദീര്‍ഘകാല സംരക്ഷണത്തിന് ആദ്യമായി ചെയ്യേണ്ട കാര്യമാണ് കൃത്യമാശ ശുചീകരണം. എന്തു ഭക്ഷണം കഴിച്ചതിനുശേഷവും വായയും പല്ലും വൃത്തിയാക്കുക. ചായയുടെയും കാപ്പിയുടെയും കാര്യത്തില്‍ ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. രാവിലെയും രാത്രിയും പല്ലു തേക്കുന്ന ശീലവും വളര്‍ത്തിയെടുക്കുക. കൃത്യമായ ഡെന്റല്‍ ചെക്കപ്പും പിന്തുടരുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here