gnn24x7

കോൺഗ്രസ് MLAയുടെ ബന്ധുവിന്റെ ‘വിദ്വേഷ കുറിപ്പ്’; ബെംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പ്പിൽ 3 മരണം

0
220
gnn24x7

ബെംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം വ്യാപിക്കുന്നു. ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.

ബെംഗളൂരു പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീൻ മതവിദ്വേഷം വളർത്തുന്ന കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി.

ഒരു മതവിഭാഗത്തിലെ പതിനായിരക്കണക്കിന് വരുന്ന കൂട്ടം കെജി ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയുമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട നവീനിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് അക്രമം. ഇതിന് പിന്നാലെ എംഎൽഎയുടെ വീട് അഗ്നിക്കിരയാക്കി. പൊലീസ് സ്റ്റേഷൻ കത്തിക്കാനും ശ്രമിച്ചു. കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തിയിട്ടും സംഘർഷത്തിന് അയവില്ലാതെ വന്നതോടെ പൊലീസ് വെടിയുതിർത്തു. മൂന്നു പേർ വെടിവയ്പ്പിൽ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പത്തിലധികം പൊലീസുകാർക്കും പരിക്കേറ്റു.

ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ട നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് കമ്മീഷണർ കമൽ പന്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here