gnn24x7

രണ്ടുഹെക്ടറിന് മുകളിലുള്ള ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന നിലപാടുമായി കേരളം; കേന്ദ്രത്തിനുലഭിച്ചത് 17 ലക്ഷം അഭിപ്രായങ്ങള്‍

0
155
gnn24x7

തിരുവനന്തപുരം: രണ്ടുഹെക്ടറിന് മുകളിലുള്ള ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന നിലപാടുമായി കേരളം. പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ (ഇ.ഐ.എ.) കരടിലെ ഇതുസംബന്ധിച്ച നിർദേശങ്ങളിലടക്കം സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.

പരിസ്ഥിതി ആഘാത പഠനത്തിന്റെ കരട് വിജ്ഞാപനത്തെക്കുറിച്ച് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ 17 ലക്ഷം അഭിപ്രായങ്ങൾ ഇതിനകം ലഭിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. ഡൽഹി, കർണാടക ഹൈക്കോടതി ഉത്തരവുകൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.അന്തിമവിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ ഏഴുവരെ കർണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. 22 പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വിഷയത്തിൽ ഈ മാസം 17-ന് മറുപടി നൽകണമെന്ന് ഡൽഹി ഹൈക്കോടതിയും നിർദേശിച്ചു.

മാർച്ച് 23-നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോക്ഡൗൺ നിലവിൽ വന്നതോടെ കരടിൽ അഭിപ്രായങ്ങൾ അറിയിക്കാൻ തടസ്സമുണ്ടായി. മേയ് എട്ടിന് കേന്ദ്രം 60 ദിവസത്തെ കാലാവധി പൊതുജനാഭിപ്രായത്തിനായി നൽകി. ഡൽഹി ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും ചൊവ്വാഴ്ച വരെ നീട്ടുകയായിരുന്നു.ലഭിച്ച നിർദേശങ്ങൾ പരിശോധിക്കാൻ സമയമെടുക്കുമെന്ന് പരിസ്ഥിതിസെക്രട്ടറി ആർ.പി.ഗുപ്ത പറഞ്ഞു. നിർദേശങ്ങളടങ്ങിയ കത്തുകളും സന്ദേശങ്ങളും മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമായാണ് ലഭിച്ചിച്ചിട്ടുള്ളത്. ഇത് ക്രോഡീകരിക്കും. ഇതോടൊപ്പം വിവിധ പരിസ്ഥിതി ആഘാത പഠന ഉപദേശക സമിതികളോടും വ്യവസായ സംഘടനകളോടും കമ്പനികളോടും മന്ത്രാലയം ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. ഇവരുടെ നിർദേശങ്ങൾ പ്രത്യേകമായി പരിഗണിക്കും. ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും അന്തിമവിജ്ഞാപനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here