ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു. സ്വാത്രന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ വിളിച്ചതോടെയാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സംഘര്‍ഷത്തിലെ മഞ്ഞുരുകിയത്. ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിന് ശേഷം ആദ്യമായാണ് ഇരു രാഷ്ട്രത്തലവന്‍മാരും സംസാരിക്കുന്നത്. ഫോണ്‍ സംഭാഷണം 11 മിനിറ്റോളം നീണ്ടുനിന്നു. നേപ്പാള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയുമായി അര്‍ഥവത്തായ ഉഭയകക്ഷി സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഭാവിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം തിങ്കളാഴ്ച നടക്കും. ഇന്ത്യന്‍ സംഘത്തെ അംബാസിഡര്‍ വിനയ് മോഹന്‍ വാത്രയും നേപ്പാള്‍ സംഘത്തെ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗിയും പ്രതിനിധീകരിക്കും.
നേപ്പാള്‍ ഇന്ത്യയുടെ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയത്. ഇതിനായി പ്രത്യേക ബില്‍ നേപ്പാള്‍ പാസാക്കുകയും ചെയ്തിരുന്നു.
 
                






