തെലങ്കാന: തെലങ്കാനയിലെ ശ്രീശൈലത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തീപിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്. 25ഓളം ജീവനക്കാര്‍ ആ സമയം പ്ലാന്റില്‍ ഉണ്ടായിരുന്നു.
പത്ത് പേരെ പ്ലാന്റില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും എട്ടിലധികം പേര്‍ ഇപ്പോഴും പ്ലാന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
നാലാമത്തെ പവര്‍ ഹൗസിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു.
എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് പ്ലാന്റിലെ തീയണക്കാന്‍ സാധിച്ചത്. ആന്ധ്ര-തെലങ്കാന അതിര്‍ത്തിയിലുള്ള കൃഷ്ണ നദിയുടെ സമീപത്തായാണ് ഡാം സ്ഥിതിചെയ്യുന്നത്.
തെലങ്കാന സ്റ്റേറ്റ് ജനറേഷന്‍ കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍മാര്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
150 മെഗാവാട്‌സ് കപ്പാസിറ്റിയുള്ള ആറ് പവര്‍ ജനറേറ്ററുകളാണ് പ്ലാന്റിലെ അണ്ടര്‍ ഗ്രൗണ്ടില്‍ ഉള്ളത്. ഇതില്‍ നാലാമത്തെ പാനലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഡ്യൂട്ടി ഓഫീസര്‍മാര്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ ആ ശ്രമം വിജയിച്ചില്ല.








































