gnn24x7

നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്

0
273
gnn24x7

ലണ്ടൻ: നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൌസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. രണ്ടുലക്ഷത്തി അറുപതിനായിരം പൌണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്ക് വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കിൽ രണ്ടരക്കോടിക്ക് തുല്യമായ തുകയാണിത്.

ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണ് ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്ക് ലഭിച്ചതെന്ന് ഓക്ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി. തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേവലം 15,000 പൌണ്ടായിരുന്നു ഓഗസ്റ്റ് ഒമ്പതിന് ഓക്ഷൻ ഹൌസിന്റെ ലെറ്റർ ബോക്സിൽ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാന വില ഇട്ടിരുന്നത്.

ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തിൽ കിട്ടിയ വൻ തുക മകൾക്കൊപ്പം വീതിച്ചെടുക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽ നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാൾ 1920ൽ സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജിയെ സന്ദർശിച്ചപ്പോൾ ഗാന്ധിജി അദ്ദേഹത്തിന് സമ്മാനമായി നൽകിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാൽ ഇത് ആരാണെന്ന് ഉടമയ്ക്ക് വ്യക്തമായി അറിയില്ല.

ഈമാസം ഒൻപതിന് ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് കണ്ണട ഉടമ നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണ് എന്നെ വിളിക്കുക എന്നൊരു കുറിപ്പും. വെള്ളിയാഴ്ച നിക്ഷേപിച്ച കണ്ണട തിങ്കളാഴ്ചയാണ് ഓക്ഷൻ ഹൗസിന്റെ ശ്രദ്ധയിൽ പെട്ടത്. അന്നുതന്നെ ഇതു ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ചരിത്ര രേഖകളിൽ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വർഷം പരിശോധിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളിൽ ഒന്നായിരിക്കും എന്നാണ് ഓക്ഷൻ ഹൗസ് അവകാശപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here