തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ചതിനെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. ശശി തരൂർ എം.പി. വിമാനത്താവള വികസനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം വർധിക്കുമെന്നും തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എയർപോർട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് നാട്ടുകാർക്കും ബിസിനസിനും കുറച്ച് കൂടി നല്ല സൗകര്യം ഒരുക്കുക എന്നതും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതാണെന്നും തരൂർ പറയുന്നു.
“നമ്മുടെ മോശമായ എയർ കണക്ടിവിറ്റി കാരണം നിക്ഷേപകർ പിൻവലിഞ്ഞ് നിൽക്കുമ്പോൾ അവരെ നമ്മുടെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതാണ് അത്. അതിന്റെ ഉപോല്പന്നങ്ങളാണ് നാട്ടുകാർക്ക് ജോലി ലഭിക്കുന്നതും ബിസിനസുകൾ കാരണം സംസ്ഥാന സർക്കാരിന്റെ നികുതി വരവ് വർധിക്കുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.”- തരൂർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ഡോക്ടർ തോമസ് ഐസക്,
തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ എന്റെ നിലപാടിനെക്കുറിച്ച് താങ്കളുടെ സുചിന്തിതമായ വിമർശനത്തിന് നന്ദി. എന്റെ അഭിപ്രായത്തിൽ താങ്കൾ ഒരു കാര്യം വിട്ടു പോയി, അത് വരുമാനത്തെക്കുറിച്ചല്ല. അത് ഈ എയർപോർട്ട് വികസനത്തെക്കുറിച്ചാണ്. വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എയർപോർട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് നാട്ടുകാർക്കും ബിസിനസിനും കുറച്ച് കൂടി നല്ല സൗകര്യം ഒരുക്കുക എന്നതും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതുമാണ്.  
ഏതായാലും താങ്കൾ വരുമാനത്തെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു. ഡൽഹി എയർപോർട്ട് നടത്തുന്ന കൺസോർഷ്യത്തിന്റെ മുഖ്യ ഭാഗമായ GMR ഗ്രൂപ്പ് വരുമാനത്തിന്റെ 46% എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൊടുക്കാമെന്നാണ് കരാറിൽ സമ്മതിച്ചിട്ടുള്ളത്. ഇത്ര വരുമാനം സർക്കാറിന് ഇതിന് മുൻപ് കൈവന്നിട്ടില്ല എന്ന സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് AAI ക്ക് 2500 കോടി രൂപ പ്രതിവർഷം ലഭിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം, കുറച്ചധികം കൂടി പ്രയോജനങ്ങളുണ്ട്. നമ്മുടെ മോശമായ എയർ കണക്ടിവിറ്റി കാരണം നിക്ഷേപകർ പിൻവലിഞ്ഞ് നിൽക്കുമ്പോൾ അവരെ നമ്മുടെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതാണ് അത്. അതിന്റെ ഉപോല്പന്നങ്ങളാണ് നാട്ടുകാർക്ക് ജോലി ലഭിക്കുന്നതും ബിസിനസുകൾ കാരണം സംസ്ഥാന സർക്കാരിന്റെ നികുതി വരവ് വർധിക്കുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
 
                






