ന്യൂദല്‍ഹി: പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ 39 ആശുപത്രികളില്‍ വിദഗ്ദര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 22 മുതല്‍ ജൂലൈ പതിന്നാല് വരെ വിവിധ മേഖലകള്‍ തിരിച്ച് നടത്തിയ പഠനത്തിലാണ് മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി പൂര്‍ണ്ണമായി ഫലപ്രദമല്ലെന്ന കണ്ടെത്തല്‍.
പഠനത്തിന്റെ ഭാഗമായി 1210 രോഗികളെ 39 ട്രയല്‍ സെറ്റുകളിലായി പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 29 പേരേ സര്‍ക്കാര്‍ ആശുപത്രികളിലും പത്ത് പേരേ സ്വകാര്യ ആശുപത്രികളിലുമായാണ് പ്രവേശിപ്പിച്ചത്.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ 25 നഗരത്തിലെ രോഗികളെയും ഈ പഠനത്തിലുള്‍പ്പെടുത്തിയിരുന്നു. ഈ പഠനത്തിന്റെ ഭാഗമായി കൊറോണ വൈറസ് മരണനിരക്ക് പൂര്‍ണ്ണമായി കുറയ്ക്കാന്‍ പ്ലാസ്മ ചികിത്സയിലൂടെ സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിനായ സ്പുട്നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വ്ളാദിമര്‍ പുതിന്‍ പ്രഖ്യാപിച്ചത്. വാക്സിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതായി മന്ത്രാലയങ്ങള്‍ അറിയിച്ചത്.
റഷ്യയിലെ ഗമാലയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയും ആര്‍ഡിഎഫും ചേര്‍ന്നാണ് വാക്സിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഈ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യക്ക് കൈമാറിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.





































