ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം വില ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.
‘അയോധ്യ രാമക്ഷേത്രഭൂമിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 1000-1500 രൂപ വരെയായി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത് 2000-3000 വരെയാണ്’, പ്രൊപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് റിഷി ടണ്ടന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പ് ഭൂമിവില സ്‌ക്വയര്‍ഫീറ്റിന് 900 രൂപ മാത്രമായിരുന്നു.
ഭൂമിയ്ക്കായുള്ള ഡിമാന്റ് വര്‍ധിച്ചതാണ് വില കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. രാമക്ഷേത്രത്തിന് സമീപം 3 സ്റ്റാര്‍ ഹോട്ടലും അന്താരാഷ്ട്രവിമാനത്താവളവും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും വിലവര്‍ധനവിന് കാരണമായി.
ക്ഷേത്രനഗരത്തിന് സമീപം സ്ഥലം വാങ്ങിവെക്കുകയെന്ന ലക്ഷ്യമാണ് ധനികര്‍ക്കുണ്ടാകുകയെന്നും ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും അവാദ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലര്‍ ഓം പ്രകാശ് സിംഗ് പറയുന്നു.
ഭൂമി വാങ്ങാനുള്ള മത്സരത്തില്‍ രാഷ്ട്രീയക്കാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ബിനാമികളാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.