gnn24x7

അറബ് ലീഗിന്റെ നേതൃസ്ഥാനത്ത് നിന്ന് പിന്‍മാറി ഫലസ്തീന്‍

0
297
gnn24x7

അറബ് ലീഗിന്റെ നേതൃസ്ഥാനത്ത് നിന്ന് പിന്‍മാറി ഫലസ്തീന്‍. ഇസ്രഈലുമായി അറബ് രാജ്യങ്ങള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനോട് പ്രതിഷേധിച്ചാണ് ഫലസ്തീന്‍ അറബ് ലീഗില്‍ നിന്നും പിന്‍മാറിയത്. ഫലസ്തീന്‍ വിദേശകാര്യമന്ത്രിയാണ് വിവരം പുറത്തു വിട്ടത്.

കഴിഞ്ഞയാഴ്ച അറബ് രാജ്യങ്ങളായ യു.എ.ഇയും ബഹ്‌റൈനും ഇസ്രഈലുമായി ചേര്‍ന്ന് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. ഇതിനോടുള്ള പ്രതിഷേധമായാണ് അറബ് ലീഗില്‍ നിന്നും ഫലസ്തീന്റെ പിന്‍മാറ്റം. വരാനിരിക്കുന്ന ആറുമാസത്തെ അറബ് ലീഗ് മീറ്റിങ്ങുകളില്‍ ഫലസ്തീനാണ് നേതൃത്വം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇനിയും അറബ് ലീഗില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞു.

യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറയാതെയാണ് വിദേശകാര്യമന്ത്രി ഫലസ്തീന്റെ പിന്‍മാറ്റം അറിയിച്ചത്. പിന്‍മാറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് എബൗള്‍ ഗേറ്റ് പറയുമെന്നും റിയാദ് അല്‍ മാലിക്കി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലാണ് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ച് യു.എ.ഇയും ബഹ്‌റൈനും ഇസ്രഈലുമായി ചേര്‍ന്ന് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു.

നേരത്തെ തന്നെ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രഈലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞിരുന്നു. സമാധാന ഉടമ്പടിയില്‍ ദശാബ്ദ്ങ്ങളായുള്ള ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here