ദുബായ്: നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുന്നു. യുഎഇയിലേക്ക് ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങാനാണ് ആലോചന. സ്വകാര്യ മേഖലയിലെ വമ്പനായ അൽ ഹബ്ത്തൂർ ഗ്രൂപ്പും ഇസ്രയേലിലെ വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇസ്രായേലിൽ പ്രതിനിധി ഓഫീസ് തുടങ്ങാനാണ് അൽ ഹബ്ത്തൂർ ഗ്രൂപ്പ് തയാറെടുക്കുന്നത്.
കമ്പനികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിലെ വ്യവസ്ഥകളും അനുകൂലമാണ്. വിദേശ കമ്പനികൾക്ക് നിയന്ത്രണം ഇല്ലാത്തതും 100 ശതമാനം സ്വന്തം ഉടമസ്ഥാവകാശമുള്ള കമ്പനികൾ ഇസ്രായേലിൽ തുടങ്ങാം. ഇസ്രായേലിലെ തന്ത്രപ്രധാനമായ ഹെയ്ഫ തുറമുഖം സ്വകാര്യവൽക്കരിക്കാനും വികസിപ്പിക്കാനുമുള്ള കരാറിന് യുഎഇയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഡിപി വേൾഡും ശ്രമം തുടങ്ങി.
യുഎഇയിൽ ഓഫീസ് തുറക്കാനും ഇസ്രായേലി കമ്പനികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് ഇസ്രയേലിലെ ഏറ്റവും വലിയ ബാങ്കിന്റെ പ്രതിനിധികൾ യുഎഇയിൽ എത്തിയിരുന്നു. ആദ്യഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ 28,000 കോടി രൂപയുടെ വ്യാപാര സാധ്യതകളാണ് കാണക്കാക്കിയിട്ടുള്ളത്. ക്രമേണ ഇത് മൂന്നിരട്ടിയാകുമെന്നാണ് വിലയിരുത്തൽ. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസും ഇസ്രയേലിൽ ഓഫിസ് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുബായ് ഡയമണ്ട് എക്സ്ചേഞ്ചും ഇസ്രയേലിൽ പങ്കാളികളെ കണ്ടെത്തിക്കഴിഞ്ഞു. 
ഒരാഴ്ച മുൻപാണ് ഇസ്രായേലും യുഎഇയും സമാധാന കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ. ഈജിപ്തും (1980) ജോർദാനുമാണ് (1994) മറ്റു രണ്ട് രാജ്യങ്ങൾ. കരാറിന്റെ ഭാഗമായി യുഎഇയും ഇസ്രായേലും ഊർജം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, സുരക്ഷ, ടെലികോം അടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി കരാറുകൾ ഒപ്പുവയ്ക്കും. കോവിഡ് വാക്‌സീൻ വികസിപ്പിക്കാൻ ഇസ്രയേൽ കമ്പനിയുമായി യുഎഇ കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു.
 
                






