ന്യൂദല്‍ഹി: പുരാവസ്തു കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത സുഭാഷ് കപൂര്‍ തമിഴ്‌നാട്ടിലെ ജയിലിലായിട്ടും വിദേശത്ത് നടന്നത് കോടികളുടെ ഇടപാടെന്ന് ഫിന്‍സെന്‍ വെളിപ്പെടുത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള യു.എസ് റെഗുലേറ്ററി ഏജന്‍സിയായ ഫിന്‍സെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പുരാവസ്തു കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറുമായി വ്യാപാരം നടത്തുന്ന കമ്പനികളുടെയും വ്യക്തികളുടെയും ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 2017 മാര്‍ച്ച് 20 ന് സമര്‍പ്പിച്ച സംശയാസ്പദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ (എസ്എആര്‍) കപൂറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ആകെ ഉള്‍പ്പെടുത്തിയ 17 പേരില്‍ ഒരാളാണ് സുഭാഷ് കപൂര്‍. അന്താരാഷ്ട്ര കള്ളക്കടത്തുകാരില്‍ നിന്ന് കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെ കൊള്ളയടിച്ച് അനധികൃതമായ വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ നോട്ടപ്പുള്ളിയാകുന്നുത്.
2010 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ 27.88 മില്ല്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നതെന്നും ഫിന്‍സെന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റീഗേറ്റീവ് ജേണലിസവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എ്കസ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഫിന്‍സെല്‍ രേഖകള്‍ പുറത്തുകൊണ്ടുവന്നത്.
71കാരനായ കപൂര്‍ വിഗ്രഹകടത്ത് കേസില്‍ തമിഴ്‌നാട്ടിലെ ത്രിച്ചി ജയിലിലാണിപ്പോള്‍. അമേരിക്കയിലും വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ അന്വേഷണം നേരിടുന്നുണ്ട്. 2011 ഒക്ടോബര്‍ 30നാണ് ഇയാളെ ഫ്രാങ്കഫര്‍ട്ടില്‍വെച്ച് പൊലീസ് അറസ്റ്റുചെയ്യുന്നത്. 2012 ജൂലായില്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഫിന്‍സെല്‍ ഫയലുകളില്‍ ഇന്ത്യക്കാരുടെ സംശയകരമായ ബാങ്കിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ഫിന്‍സെന്‍ ഫയലുകളിലെ വെളിപ്പെടുത്തലകുള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റും പ്രതികരിച്ചിരുന്നു.
 
                






