തിരുവനന്തപുരം: സ്ത്രീവിരുദ്ധ വീഡിയോകള്‍ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് നടപടി. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഈ മാസം 9നാണ് ഉത്തരവ് വരിക. സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
വിജയ് പി നായരുടെ യൂ ട്യൂബ് ചാനലിനെതിരെ പൊലീസിലും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്കും പരാതി നൽകിയെങ്കിലും നടപടി ഒന്നും എടുക്കാത്തതിനാലാണ് ഇവർ നേരിട്ട് പ്രതിഷേധവുമായെത്തിയത്.







































