മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ഇപ്പോൾ മസ്‌കറ്റ് ഗവർണറേറ്റിനുള്ളിലെ ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി. ഭവന, നഗര ആസൂത്രണ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുമ്പോൾ അവ ഭവന, നഗര ആസൂത്രണ മന്ത്രാലയം ലൈസൻസ് ചെയ്തതാണോ എന്ന് ശ്രദ്ധിക്കണം.
രാജ്യത്ത് രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവർക്കാണ് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാങ്ങാൻ അവസരം ലഭിക്കുന്നത്.
പ്രാദേശികമായി താമസിക്കുന്നവരുടെ ഫണ്ട് പുനരുപയോഗം ചെയ്യുക അതിലൂടെ സുൽത്താനേറ്റിന്റെ സാമ്പത്തിക സ്ഥിതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമിട്ടുള്ള ഒരു സമീപനം കൂടിയാണിത്.
ഓരോ കെട്ടിടത്തിലും ഓരോ ദേശീയതയിൽ നിന്നും ഒന്നിൽ കൂടുതൽ ഉടമകളെ അനുവദിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. 50 വർഷത്തെ പ്രാഥമിക ഇടവേളയ്ക്കാണ് പ്രവാസികൾക്ക് പാട്ടത്തിന് നൽകുന്നത്. അതുകഴിഞ്ഞാൽ 49 വര്‍ഷത്തേക്കു കൂടി കരാർ പുതുക്കാം.
വസ്തു വാങ്ങി നാല് വര്‍ഷത്തിന് ശേഷം വില്‍ക്കാനും ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാനുള്ള അനുമതിയും ഉണ്ട്. പ്രവാസിയായ ഉടമ മരിച്ചാല്‍ പിന്നീട് അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം.