മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് സ്കീം. 4897 പ്രവാസി മലയാളികളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ സ്കീമിൽ സംരംഭം തുടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വര്ഷം രജിസ്ട്രേഷനുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 1043 പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളു. അതിനും മുമ്പുള്ള വർഷങ്ങളിൽ, രജിസ്ട്രേഷനുകളുടെ എണ്ണം എല്ലായ്പ്പോഴും 1,000 ൽ താഴെയായിരുന്നുവെന്ന് സർക്കാർ പറയുന്നു.
മുൻകാലങ്ങളിൽ, മിക്ക ആളുകളും ടാക്‌സി പോലുള്ള സേവന മേഖലകളിൽ ഏർപ്പെടാനാണു താൽപര്യം പ്രകടിപ്പിച്ചിരുന്നത്, എന്നാൽ ഇന്ന് സ്‌നാക്ക് ഷോപ്പ്, റസ്റ്റൊറന്റുകള്‍, വര്‍ക്ക് ഷോപ്പ്, ഓയ്ല്‍ മില്‍, സ്‌പോര്‍ട്‌സ് ഹബ്ബുകള്‍, ജിംനേഷ്യന്‍, മസാല പൗഡര്‍ യൂണിറ്റുകള്‍, ഫാം എന്നിങ്ങനെ ബിസിനസ്സ് തുടങ്ങാനാണ് താൽപര്യം കാണിക്കുന്നത്.
ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും എന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ പറഞ്ഞു. കൂടാതെ നോർക്ക സബ്സിഡിയും 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർതുകയും ചെയ്തു. ബജറ്റില്‍ ഇതിനായി 18 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അത് 40 കോടി രൂപയായി ഉയർത്താൻ തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. മികച്ച സംരംഭങ്ങൾ ആരംഭിക്കാൻ ഇത് കൂടുതൽ പ്രവാസികളെ പ്രാപ്തമാക്കും.
സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രവാസികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാനുള്ള കരാറില്‍ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും തമ്മിൽ ധാരണയില്‍ ഏത്തിയിട്ടുണ്ട്. ഐടി മേഖലയിലും സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസികളെ സംഘടന സഹായിക്കുന്നുണ്ട്.






































