ഡബ്ലിന്‍: ഉച്ചസമയത്തെ ഭക്ഷണത്തിനായി നല്‍കിയ ഇടവേളയില്‍ ഡബ്ലിനിലെ സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയും സഹോദരനും വീട്ടിലേക്ക് നടന്നുപോകവെ ഒരു ചാരനിറത്തിലുള്ള കാറില്‍ ചീറിപ്പാഞ്ഞു വന്ന മനോരോഗികളെന്നു സംശയിക്കുന്ന ഒരു സംഘം കുട്ടിയോട് കാറിലേക്ക് കയറാന്‍ അലറിവിളിച്ച് പറഞ്ഞു. കുട്ടികള്‍ പേടിച്ചുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുതന്നെയായാലും തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം പരാജയപ്പെട്ടു എന്ന് ഗര്‍ഡായി പറഞ്ഞു.
തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളില്‍ വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് ഇതെക്കുറിച്ച് പുറംലോകം അറിയുന്നത്. ഉടനെ തന്നെ എല്ലാ രക്ഷിതാക്കള്‍ക്കും ഇമെയില്‍, മെസേജ് എന്നിവയിലൂടെ സംഭവത്തെക്കുറിച്ചുള്ള ഗൗരവമായ കാര്യം ഒരു മുന്നറിയിപ്പായി നല്‍കി. നടന്ന കാര്യത്തെക്കുറിച്ച് കുട്ടികളുടെ ഒരു കുടുംബാംഗം വിശദമായി ഫെയ്‌സ്ബുക്ക് പേജിലൂടെ കാര്യങ്ങള്‍ വിവരിച്ചു. കൂട്ടത്തില്‍ എല്ലാവരും കുട്ടികളെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കാന്‍ മറന്നിട്ടില്ല.
ചാരനിറത്തിലുള്ള ഒരു കാറായിരുന്നുവെന്നും അവര്‍ കാറിലേക്ക് കയറാന്‍ വേണ്ടി കുട്ടിയോട് വളരെ മോശപ്പെട്ട ഭാഷയില്‍ സംസാരിക്കുകയും കുട്ടി പരിപൂര്‍ണ്ണമായും വെപ്രാളപ്പെട്ടുപോയെന്നും പറയുന്നു. ഗര്‍ഡായി ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും തല്‍ക്കാലം കുട്ടിയുടെയും സ്‌കളിന്റെയും പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും പറയുന്നു.










































