അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. രോഗനിർണയത്തിലും ചികിത്സയിലും തെറ്റുകൾ വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ മുൻ വിധി അബുദാബി അപ്പീൽ കോടതി ശരിവക്കുകയാണുണ്ടായത്.
അനാരോഗ്യം അനുഭവിക്കുന്നതിനിടെ യുവതി ആശുപത്രി സന്ദർശിച്ചതായി കോടതി രേഖകളിൽ പറയുന്നു. ഡോക്ടര്‍മാർ അവർക്ക് നൽകിയ ചികിത്സയെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു, ആഴ്ചകളോളം ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു.
ചികിത്സയ്ക്കൊടുവിൽ ആരോഗ്യം മെച്ചപ്പെട്ടപ്പോളാണ് ഇവർ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങിയത്. ചികിത്സയിൽ തെറ്റായ രോഗനിർണയവും ചില മെഡിക്കൽ പിശകുകളും ഉണ്ടായിരിന്നു എന്നും ആശുപത്രിയുടെ മോശം ചികിത്സ മൂലമാണ് താൻ വളരെയധികം കഷ്ടപ്പെടുന്നതെന്നും ഏറെക്കുറെ മരിച്ചതായും യുവതി പറഞ്ഞു.
താൻ അനുഭവിച്ച ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് ആശുപത്രി 500,000 ദിർഹം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ കോടതി രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു.