
ഡാളസ്: ഈശ്വരസൃഷ്ടിയുടെ മകുടമാണ് മനുഷ്യനും, മനോഹരിയായ പ്രകൃതിയും ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥതപുലര്‍ത്തുകയും അജഗണപരിപാലനത്തില്‍ പുതിയ മാനംകണ്ടെത്തുകയും ചെയ്ത മുന്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രപൊലീത്ത മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 -ന് സ്ഥാനാരോഹണം ചെയ്യപ്പെടുന്നുവെന്നത് ആഗോള മാര്‍ത്തോമാ സഭാ വിശ്വാസികളെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണ്.
ഡോ അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ പ്രത്യകം കൂദാശ ചെയ്യപ്പെട്ട മദ്ഹബഹയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. .തുടര്‍ന്നു കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു രാവിലെ 11 നു ചേരുന്ന അനുമോദന സമ്മേളനത്തില്‍ സഹോദരിസഭകളിലെ മേലധ്യക്ഷന്മാരും സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കുമെന്നു ഡോ യുയാകിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അറിയിച്ചു.
അഷ്ടമുടി ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയിലെ കിഴക്കേ ചക്കാലയില്‍ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന് ആയിരുന്നു ജനനം. കോട്ടയം എംടി സെമിനാരി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളജില്‍ നിന്നും ബിരുദ പഠനവും പൂര്‍ത്തീകരിച്ചു. തുടര്‍ന്നു ദൈവീകവിളി ഉള്‍കൊണ്ട്. ജബല്‍പൂര്‍ ലിയനോര്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. 1972 ഫെബ്രുവരി 4ന് സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.
1989 ഡിസംബര്‍ 9ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, യൂയാക്കിം മാര്‍ കൂറിലോസ് എന്നിവരോടൊപ്പം ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് സഭയുടെ മേല്‍ പട്ടസ്ഥാനത്ത് അവരോധിതനായി..2020 ജൂലൈ 12 നു ഞായറാഴ്ച രാവിലെ 9ന് തിരുവല്ല പൂലാത്തിന്‍ ചാപ്പലില്‍ സഫ്രഗന്‍ ഇന്‍സ്റ്റലേഷന്‍ സര്‍വീസില്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയമിതനായി. ജോസഫ് മാര്‍ത്തോമാ 2020 ഒക്ടോബര്‍ 18 നു കാലം ചെയ്തതിനെ തുടര്‍ന്നു മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്നു.
1990 -93 മദ്രാസ് കുന്നംകുളം, 93- 97 കുന്നംകുളം മലബാര്‍ ഭദ്രാസന ചുമതല ഏറ്റെടുത്തതു മുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി, വിശ്രമമില്ലാതെ ഭദ്രാസനാതിര്‍ത്തിയിലുളള ചേരി പ്രദേശങ്ങളിലും കാനാലുകളുടെ ഓരങ്ങളിലും കഴിയുന്ന സഭാ വിശ്വാസികള്‍, അശരണര്‍, അനാഥര്‍, രോഗികള്‍ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരെ ആശ്വസിപ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിനും തിരുമേനി നല്‍കിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസില്‍ ഇന്നും സജീവമായി നിലനില്ക്കുന്നു. 1997 ഒക്‌ടോബര്‍ മുതല്‍ തിരുവനന്തപുരം- കൊല്ലം, 2005 ഓഗസ്റ്റ് മുതല്‍ മദ്രാസ് -ബാംഗ്ലൂര്‍, ഭദ്രാസനാധിപനായും, മുംബൈ ഭദ്രാസനാധിപനായും തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിസീമമാണ്.
മാര്‍ത്തോമ യുവജന സംഖ്യം പ്രസിഡന്റായി ചുമതലയേറ്റെടുത്തത് യുവാക്കളെ സഭയുടെ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രചോദകമായി. യുവജന സഖ്യത്തിന്റെ കര്‍മ പരിപാടികളും ബോധവല്‍ക്കരണ സെമിനാറുകളും പഠന സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭാവി തലമുറക്ക് പ്രതീക്ഷയും ഉത്തേജനവും നല്‍കികൊണ്ടുളള തിരുമേനിയുടെ പ്രവര്‍ത്തനശൈലി യുവജനങ്ങള്‍ക്കെന്നും ഒരു മാതൃകയും വെല്ലുവിളിയുമായിരുന്നു.
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിനായും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ക്രിസ്തുകേന്ദ്രീകൃത ജീവിത ശൈലി, സാമ്പത്തിക അച്ചടക്കവും സുതാര്യതയും കര്‍മനിരതയും ക്രമീകൃതവുമായ പ്രവര്‍ത്തനശൈലി, അതുല്യമായ നേതൃത്വ പാടവം, ഭരണ കര്‍ത്താവ്, സംഘാടകന്‍, മനുഷ്യ സാമൂഹ്യസ്‌നേഹി, പ്രകൃതി സ്‌നേഹി, വായനാശീലന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ സദ്ഗുണങ്ങള്‍ ഉള്‍ക്കൊളളുന്ന ഏവര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം.
പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അകന്നുനിന്നും, കൊട്ടിഘോഷിക്കപ്പെടാത്ത പ്രവര്‍ത്തനരീതി ഉള്‍കൊണ്ടും മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന തിയോഡോഷ്യസ് തിരുമേനി 2009 ജനുവരി അഞ്ചിനാണ് ഭദ്രാസന ചുമതലയേറ്റെടുക്കുന്നതിന് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അന്നു മുതല്‍ ഭദ്രാസന ചുമതല ഒഴിയുന്നതുവരെ തന്റെ വ്യക്തിപ്രഭാവങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്പിക്കാതെ വ്യത്യസ്ത സംസ്കാരങ്ങളുടെ സങ്കലന ഭൂമിയില്‍ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊണ്ട് ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തിന് വകനല്‍കുന്നു..
ഇതര മതവിശ്വാസങ്ങളേയും ആദരിക്കുകയും അവരുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുകയും ചെയ്യുന്നതില്‍ തിരുമേനി പ്രത്യേകം ശുഷ്കാന്തി പ്രകടപ്പിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക് വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡോക്ടറേറ്റ് ഇതിനടിവരയിടുന്നു.
സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വംശവദനാകാതെ ആത്മീയ ആചാര്യനെന്ന നിലയില്‍ സൂക്ഷ്മതയോടും ദൈവിക ബോധത്തോടും നീതിയോടും ഭരണഘടനയ്ക്ക് വിധേയമായി നീതിനിര്‍വഹണം നടത്തുന്നതില്‍ തിരുമേനി വളരെ ദത്തശ്രദ്ധനാണ്. മൂന്നര വര്‍ഷക്കാലം നന്മമാത്രം ചെയ്തും രോഗികളെ സൗഖ്യമാക്കിയും ദൈവരാജ്യം പ്രസംഗിച്ചും ഭൂമിയില്‍ സഞ്ചരിച്ച പാപരഹിതനായ ക്രിസ്തുദേവനെ കോടതികള്‍ മാറി മാറി വിസ്തരിച്ചിട്ടും ഒരു കുറ്റവും കണ്ടെത്തനാകാതെ “ഇവനെ ക്രൂശിക്ക, ക്രൂശിക്ക’ എന്ന ജനങ്ങളുടെ ആരാവാരങ്ങള്‍ക്ക് മുമ്പില്‍ പരാജിതനായി. ക്രിസ്തുവിനെ ക്രൂശിക്കുവാന്‍ ഏല്പിക്കുകയും അനീതിയും അധര്‍മവും നിയമലംഘനവും നടത്തിയ ബബെറാസിനെ മോചിപ്പിക്കുകയും ചെയ്ത പീലാത്തോസ് എന്ന ഭരണകര്‍ത്താവ് നീതി ന്യായവ്യവസ്ഥക്ക് തീരാകളങ്കമാണെന്ന് ഉറച്ചു വിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത തിരുമേനിയുടെ നീതിനിര്‍വ്വഹണം സഭാജനങ്ങളുടെ പ്രശംസയ്ക്ക് പാത്രീഭൂതമായിട്ടുണ്ട്.
മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പോലീത്തയായി ചുമതലയേറ്റാല്‍ തന്നിലര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ദൈവവചനാടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടുമെന്ന വലിയൊരു സന്ദേശം ഈയിടെ മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലൂടെ തിരുമേനി നല്‍കിക്കഴിഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറിനോടുള്ള, വനിതാ പട്ടത്വത്തിനൊടുള്ള, ലൈംഗീക ആരോപണത്തിനു വിധേയരാകുന്നവരോടുള്ള, ഇരയോടുള്ള, അധ്യാപകരുടെ നിയമനത്തില്‍ സംഭാവന വാങ്ങുന്നതിനോടുള്ള, ചര്‍ച്ച് ആക്ട് ബില്ലിനോടുള്ള, ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തിലുള്ള, സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സംവരണ ബില്ലിനോടുള്ള, ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള, ആഡംബര ജീവിതം നയിക്കുന്നതിനോടുള്ള വിഷയങ്ങളിലെല്ലാം തിരുമേനിയുടെ ഗാഢവും വ്യക്തവും നിര്‍ഭയവുമായ കാഴ്ചപാട് മാര്‍ത്തോമാസഭയുടെ ഭാവി എന്തായിരിക്കുന്നുമെന്നതിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
കാലാകാലങ്ങളില്‍ മാത്തോമാസഭയെ നയിക്കുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെടുന്ന സഭാ പിതാക്കന്മാര്‍ സഭയുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യകം ശ്ര ദ്ധിച്ചിരുന്നുവെന്നു ചരിത്രം തന്നെ സാക്ഷീകരിക്കുന്നു.
തിരുമേനിയുടെ പ്രഖ്യാപനത്തോടെ തന്നെ ഇത് ഉപസംഹരിക്കട്ടെ.”സഭയുടെ സാരഥ്യം വഹിക്കുന്നതിനു ആദ്യമായാണ് ഞാന്‍ ചുവടുകള്‍ വയ്ക്കുന്നത്. മാര്‍ത്തോമാസഭ ഒരു നവീകരണ സഭയാണ്. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കുക, അതിനോട് ദൈവസ്‌നേഹത്തില്‍ പ്രതികരിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. വേദപുസ്തകങ്ങളില്‍ അടങ്ങിയിരിക്കുന്ന സത്യങ്ങളിലേക്കും, മൂല്യങ്ങളിലേക്കും സഭയെ നയിക്കുക എന്നതാണ് എന്നില്‍ അര്‍പ്പിതമായിട്ടുള്ള ഉത്തരവാദിത്വം, ദൈവസ്‌നേഹമെന്തെന്നു അറിയുവാന്‍ ശ്രമിക്കുന്ന ഞാന്‍ ആ സ്‌നേഹത്തെ എങ്ങനെ അറിയുന്നുവോ അത് എന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്നത് എന്റെ ധര്‍മമാണ്.’ ഈ ആപ്തവാക്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ മെത്രാപ്പോലീത്തയായി അവരോധിതനാകുന്ന ഡോ ഗീവര്ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍തോമയ്ക്ക് പിതാവായ ദൈവം ആവശ്യമായ ജ്ഞാനവും വിവേകവും ദീര്‍ഘായുസ്സും ധാരാളമായി നല്‍കട്ടെ എന്നു ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.







































