ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കർഷകർക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി പോലീസ്. ബുറാടിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു.സമാധാനമായി പ്രതിഷേധം നടത്തണമെന്നും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും മറ്റുള്ളവർക്ക് ഉണ്ടാക്കരുതെന്നും കർഷകരോട് അഭ്യർത്ഥിക്കുന്നതയും ഡൽഹി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് കര്‍ഷകരുടെ ദല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി അതിർത്തിയിൽ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് അടക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തിരുന്നത്. അവർ ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പോലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ വെച്ച് സംഘര്‍ഷമുണ്ടായി.
കര്‍ഷകരെ പ്രതിരോധിക്കാനായി പോലീസിനെ കൂടാതെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ടായിരുന്നു.





































