ന്യൂഡൽഹി: ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കോവിഡ് വാക്സിനാണ് കൊവിഷീൽഡ്. കൊവിഷീൽഡ് വാക്‌സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്.
അതേസമയം, കൊവിഷീൽഡ് സുരക്ഷിതമല്ലെന്ന് വാക്സിൻ്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത ഒരു വളണ്ടിയർ ആരോപിച്ചിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിയായ വളണ്ടിയർ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നു കാണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെയായിരുന്നു യുഎസ് കമ്പനിയായ ഫൈസര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. യുകെയിലും ബഹ്റൈനിലും വിതരണത്തിന് അനുമതി തേടിയ ശേഷമായിരുന്നു കമ്പനി ഇന്ത്യൻ സര്‍ക്കാരിനെ സമീപിച്ചത്.
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്സിന്‍ വികസിപ്പിച്ചത്.





































