ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിലെ മാര്‍ഗരേഖയില്‍ 50 വയസിന് മുകളില്‍ ഉള്ളവരെയാണ് ആദ്യം വാക്‌സിനേഷനുകള്‍ നല്‍കുന്നതിനായി പരിഗണിക്കുകയെന്നും എന്നാല്‍ അത് വോട്ടര്‍ പട്ടിക അനുസരിച്ചായിരിക്കുമെന്നതിനെ ചൊല്ലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിവാദം അഴിച്ചു വിട്ടിരിക്കുന്നത്.
തൃണമൂര്‍ കോണ്‍ഗ്രസിന്റെ വാദപ്രകാരം ഇന്ത്യ മഹാരാജ്യത്തിലെ എല്ലാവര്‍ക്കും വാക്‌സിനേഷന് അവകാശമുണ്ടെന്നും അത് വെറും വോട്ടര്‍ പട്ടികയിലെ പേര് ഉള്ളവര്‍ക്ക് മാത്രമാണെന്ന് പറഞ്ഞു നിജപ്പെടുത്തുന്നതും ഒട്ടും ശരിയല്ലെന്നുമാണ് വാദം. സര്‍ക്കാരിന്റെ ഇത്തരം മനോഭാവം ഒട്ടും ശരിയല്ലെന്നും എല്ലാവരേയും രാജ്യത്തിന്റ പൗരന്മാരായി പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബംഗാള്‍ വിഭാഗം പ്രസിഡണ്ടുമായ ശന്തനു സെന്‍ അഭിപ്രായപ്പെട്ടു.