ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ആംഡ് ഫോഴ്സ് കോൺസ്റ്റബിൾ ജ്യോതി പ്രസാദ് ശര്‍മ്മ (45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
പ്രതികളാരാണെന്ന് വിവരം ഒന്നുമില്ലെങ്കിലും ദമ്പതികളുടെ മകളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മരണത്തെ തുടർന്ന് മകളെയും ആൺ സുഹൃത്തിനെയും കാണാതായിട്ടുണ്ട്. വീടിനുള്ളിൽ നിന്നും ബഹളം കേട്ടുകൊണ്ടിരിക്കെ ഇവരുടെ മകൾ വീടിന് പുറത്ത് ചുറ്റിത്തിരിയുകയായിരുന്നു. അയൽവാസികൾ കാര്യങ്ങൾ തിരക്കിയപ്പോഴും മാതാപിതാക്കൾ തമ്മിൽ വഴക്കിടുകയാണെന്നാണ് പെണ്‍കുട്ടി മറുപടി നൽകിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
രക്തത്തിൽ കുളിച്ച നിലയിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തുന്നത്. കൂർത്ത ആയുധം ഉപയോഗിച്ചാണ് രണ്ട് പേരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മകളെയും ആൺസുഹൃത്തിനെയും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.