സാന്റിയാഗോ: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് മാസ്ക് ധരിക്കാതെ കാഴ്ചക്കാരനോടൊപ്പം ബീച്ചിൽ സെൽഫി എടുക്കാൻ പോസ് ചെയ്തതിന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെരയ്ക്ക് വെള്ളിയാഴ്ച 3,500 ഡോളർ (രണ്ടര ലക്ഷം രൂപ) പിഴ ചുമത്തി. എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നതിന് ചിലിക്ക് കർശന നിയമങ്ങളുണ്ട്, ഈ സാഹചര്യത്തിൽ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ അറിയിച്ചു.
ഡിസംബർ ആദ്യം സോഷ്യൽ മീഡിയയിൽ സെൽഫി വൈറലായതിനു തൊട്ടുപിന്നാലെ പിനേര ക്ഷമ ചോദിച്ചെങ്കിലും പിഴ ഒഴിവാക്കിയില്ല. ചിലിയിലെ കടൽത്തീര പട്ടണമായ കാച്ചാഗുവയിലെ തന്റെ വീടിനടുത്തുള്ള കടൽത്തീരത്ത് തനിച്ച് നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ സമീപിച്ചതാണെന്ന് പ്രസിഡന്റ് വിശദീകരിച്ചിരുന്നു.
സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിലിയിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 581,135 കേസുകളാണ്. 16,051 പേരാണ് ചിലിയിൽ കോവിഡ് ബാധിച്ചു മരിച്ചത്.





































