ദുബായ്: കോവിഡ് 19നെ തുടർന്ന് ജോലി നഷ്ടപ്പെട്ട കാസർഗോഡ് സ്വദേശി നവനീത് സജീവന് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒരു മില്ല്യൺ ഡോളർ (ഏകദേശം 7.36 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) നവനീതിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ നവംബർ 22നാണ് നവനീത് ടിക്കറ്റ് എടുത്തത്.
അബുദാബിയിലെ ഒരു കമ്പിനിയിൽ നാലു വർഷമായി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായ നവനീത് മറ്റൊരു കമ്പിനിയിൽ ജോലിക്കായി ഇന്റർവ്യൂവിന് പോയി തിരികെ വരുമ്പോഴാണ് ഡ്യൂട്ടിഫ്രീയുടെ സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്. പുതിയ ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു നവനീത്.
സുഹൃത്തുക്കളായ നാല് പേർ ചേർന്നാണ് നവനീത് ടിക്കറ്റെടുത്തത്. ലഭിച്ച പണത്തിൽ നിന്നും 2 ലക്ഷത്തിലധികം കടമുള്ളത് തീർക്കുകയും ബാക്കി തുക സേവ് ചെയ്യുമെന്ന് ഗൾഫ് ന്യൂസിനോട് നവനീത് പറഞ്ഞു. നവനീതിന് ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്. ദുബായ് ഡ്രൂട്ടി ഫ്രീ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.






































