പത്തനംതിട്ട: കൊവിഡിനെ തോൽപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്‍റെ കുടുംബത്തിനായിരുന്നു.
ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ മക്കളിൽ നിന്നായിരുന്നു തോമസിനും ഭാര്യ മറിയാമ്മയ്ക്കും രോഗം ബാധിച്ചത്. കോവിഡിൽ നിന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
പലതവണ ആരോഗ്യസ്ഥിതി മോശമായെങ്കിലും എല്ലാം അതിജീവിച്ച് നീണ്ട ഇരുപത്തിയേഴ് ദിവസത്തിന് ശേഷമാണ് എബ്രഹാം തോമസ് ആശുപത്രി വിട്ടത്. കൊവിഡിനെ അതിജീവിച്ച തോമസിനെയും ഭാര്യയെയും അഭിനന്ദിച്ച് ആരോഗ്യമന്ത്രി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്.