പാലാ: പാലാ നഗരസഭാ ചെയർമാൻമാരായിരുന്ന ജോസ് തോമസ് പടിഞ്ഞാറേക്കരയുടെയും പൊന്നമ്മ ജോസിന്റെയും മകനായ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭയുടെ ചെയർമാൻ പദവിയിലേക്കെത്തിയിരിക്കുകയാണ്. പാലാ നഗരസഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്.
1988-ൽ കൗൺസിലറായി സ്ഥാനമേറ്റ ജോസ് തോമസ് 1990-ൽ പാലാ നഗരസഭയുടെ ചെയർമാനായി. പിന്നീട് നീണ്ട 13 വർഷക്കാലം പാലാ നഗരസഭയെ നയിച്ച രാഷ്ട്രീയ എതിരാളികൾ പോലും മാനിക്കുന്ന ജനനേതാവായിരുന്നു ജോസ് തോമസ് പടിഞ്ഞാറേക്കര. കൂടാതെ കെ. എം. മാണിയുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു ജോസ്.
ഇത്തവണ ആൻ്റോ ജോസ് മിന്നും വിജയം നേടിയത് തന്റെ മാതാപിതാക്കൾ മത്സരിച്ച മൊണാസ്ട്രി വാർഡിൽ നിന്നും തന്നെയാണ്. ആൻ്റോ ജോസിന്റെ അമ്മ പൊന്നമ്മ 2005 ൽ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും 2007-ൽ ചെയർപേഴ്സണായി സ്ഥാനമേൽക്കുകയും ചെയ്തു. പടിഞ്ഞാറേക്കര കുടുംബത്തിനു കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സ്വന്തമാണ് ഈ മൊണാസ്ട്രിവാർഡ്. ആൻ്റോയുടെ സഹോദരൻ ഡോ. റോമലിൻ്റെ ഭാര്യയായിരുന്നു നിലവിലുണ്ടായിരുന്ന കൗൺസിലർ റാണി റോമൽ.
ആൻ്റോ ജോസും നേരത്തെ പാലാ നഗരസഭാ കൗൺസിലറും, 2010 -2015 ടേമിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആൻ്റോയുടെ പ്രധാന എതിരാളി അന്ന് ചെയർമാനായിരുന്ന പ്രമുഖ നേതാവ് കുര്യാക്കോസ് പടവനായിരുന്നു.
പാലായിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ റൂബിയാണ് ആൻ്റോയുടെ ഭാര്യ, മക്കൾ: എഞ്ചിനീയറായ അമൽ, ബിരുദ വിദ്യാർത്ഥിനിയായ മരിയ, പ്ലസ് ടു വിദ്യാർത്ഥി സെബിൻ. അടുപ്പക്കാരും ബന്ധുക്കളുമെല്ലാം സ്നേഹപൂർവ്വം ആൻ്റോ ജോസിനെ വിളിക്കുന്നത് അന്തോനിച്ചൻ എന്നാണ്.