തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം. താൻ ഒരു ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും ധർമ്മജൻ ബോൾഗാട്ടി കൂട്ടിച്ചേർത്തു. കൂടാതെ മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമജനെ പരിഗണിക്കുന്നതായാണ് സൂചന. ഏതാനും ദിവസങ്ങളായി ബാലുശ്ശേരി മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ ബോൾഗാട്ടി സജീവമാണ്. നിലവിൽ മുസ്ലിംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം.







































