ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ന് രണ്ട് വയസ്സ് തികയുകയാണ്. നാമെല്ലാം ഇന്നും പുൽവാമയിൽ മരിച്ചു വീണ ആ 40 സി.ആർ.പി.എഫ് സൈനീകരെ ഓർക്കുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500 ഓളം സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച 78 ബസുകളിലൊന്നിലേക്കാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് ആക്രമണം നടത്തിയത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) ഏറ്റെടുത്തിരുന്നു.
അതേസമയം പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തുകയും, ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകൾ ഇന്ത്യ തകർക്കുകയും ചെയ്തു.