രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഇവർ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
പ്രതികളിൽ ഒരാൾ 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് എന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ സഹോദരിയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളാണ് ഡോക്ടര്‍ ദമ്പതിമാര്‍. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ചാണ് സ്ത്രീയെ സീമാ ഗുപ്ത കൊലപ്പെടുത്തിയത്.
കൊലപാതകത്തിൽ സീമയുടെ അമ്മയ്ക്കും പങ്കുണ്ടായിരുന്നു. തുടർന്ന് ഡോക്ടര്‍ ദമ്പതികളും അമ്മയും ജയിലിലായിരുന്നു. നിലവിൽ ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പ്രതി കുറച്ചു ദിവസങ്ങളായി പിന്തുടരുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാർ തടഞ്ഞു നിർത്തി അവർ വിന്‍ഡോ താഴ്ത്തിയ ഉടന്‍ ഇരുവര്‍ക്കും നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.