ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്.
ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഹര്‍ജി ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.





































