ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന് ഭരണപക്ഷ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ അത് യുക്തിസഹമായിരിക്കുമെന്നും അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ഥ്യം പുറത്തുവന്നാല്‍ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനെ വലിയതോതില്‍ പ്രതിരോധത്തിലാക്കുമെന്ന് കരുതപ്പെട്ടിരുന്നപ്പോഴാണ് പൊടുന്നനെ പുതിയ വിവാദംകൂടി തലപൊക്കിയത്. മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷത്തെ കൂടാതെ ഭരണപക്ഷാംഗങ്ങള്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







































