കൊച്ചി: മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതിനാൽ കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹർജിയിൽ എതിർകക്ഷികളായ കെ.ബാബു ഉൾപ്പെടെയുള്ളവർക്കു ഹൈക്കോടതിയുടെ നോട്ടിസ്.
തിരഞ്ഞെടുപ്പിൽ കെ.ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു, അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു, സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും കൈപ്പത്തി അടയാളവും ഉൾപ്പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചു തുടങ്ങിയ ആക്ഷേപങ്ങളും സ്വരാജ് ഹർജിയിൽ ഉന്നയിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്വരാജിനെതിരെ 992 വോട്ടുകൾക്കാണ് ബാബു ജയിച്ചത്.
ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരിൽ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണ്. ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കുന്നതിനു മാറ്റി.







































