തൃശൂർ: ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരംഅറസ്റ്റിലായി. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇയാൾ ഇടപാടുകള്‍ നടത്തിയിരുന്നത്. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രവും അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിരുന്നത്.
വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവാണ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ്, മന്ത്രവാദത്തിലേക്ക് നീങ്ങിയത്.
പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്.
മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.