ലുസാക: യേശു ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയിർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ കഴിഞ്ഞ പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേർക്കെതിരെ അധികൃതർ കേസെടുത്തു.
വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികൾ വിശ്വസിക്കുകയും പാസ്റ്റർ പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്‌തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കാണാനായത്.





































