ചെന്നൈ: ഒന്നര വയസ്സുകാരിയുടെ മരണത്തെ തുടർന്ന് 11 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച യുവതി നിരപരാധിയാണെന്നു കോടതിയിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനി ശകുന്തളയെയാണ് 11 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കൊടുവിൽ കോടതി വിട്ടയച്ചത്.
2002ൽ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവിനോടു പിണങ്ങിയ ശകുന്തള സ്വന്തം വീട്ടിൽ എത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഒന്നര വയസ്സുകാരിയായ മകളെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശകുന്തളയാണു കുഞ്ഞിനെ കൊന്നതെന്ന് ആരോപണം ഉയർന്നതോടെ കേസിൽ ശിക്ഷിക്കപ്പെട്ടു.
2014ൽ കേസിൽ ശകുന്തള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും പരിഗണിച്ചില്ല. തുടർന്നു സുപ്രീം കോടതിയെ സമീപിച്ചതോടെ കേസ് വീണ്ടും വാദം കേൾക്കാൻ നിർദേശിക്കുകയായിരുന്നു. കേസിൽ ചേരാത്ത കണ്ണികളേറെയുണ്ടെന്നും പല കാര്യങ്ങളും കൃത്യമായി അന്വേഷിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണു ശകുന്തളയെ വിട്ടയയ്ക്കാൻ നിർദേശിച്ചത്. പിഴ തുക അടച്ചിട്ടുണ്ടെങ്കിൽ തിരികെ കൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

































