ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ താലിബാനുമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായി പിൻവാങ്ങുകയും കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചർച്ച നടത്തിയത്.
ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നെന്നും അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ പൂർത്തീകരിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നതായും താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. താലിബാൻ ഇന്ത്യയ്ക്ക് ഭീഷണിയാകില്ലെന്ന് താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി വ്യക്തമാക്കി.






































