ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിലാവും അന്വേഷണം. എട്ട് ആഴ്ചയ്ക്കു ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേസ് പരിഗണിച്ച സെപ്റ്റംബർ 23നു തന്നെ കോടതി ഉറപ്പു നൽകിയിരുന്നു.
കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ പൊതുചർച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. പരാതികളെക്കുറിച്ചു പരിശോധിക്കാൻ സമിതിയെ വയ്ക്കാമെന്നും സർക്കാർ നിലപാടെടുത്തു. അധിക സത്യവാങ്മൂലം നൽകാൻ കഴിയില്ലെന്നു കേന്ദ്രം ആവർത്തിച്ചതോടെയാണ് സുപ്രീം കോടതി തന്നെ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു വ്യക്തമാക്കിയത്.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി. റോ മുൻ മേധാവി അലോക് ജോഷി, ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി), ഡോ. പി.പ്രഭാകരൻ (കൊല്ലം അമൃത വിശ്വവിദ്യാലയം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്തെ (മുംബൈ ഐഐടി പ്രഫസർ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശ്രമമെന്ന് കോടതി അറിയിച്ചു. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണം. നടപടിയെടുക്കാൻ സർക്കാരിന് ആവശ്യമായ സമയം നൽകി. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.