gnn24x7

ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വസതിയിലെത്തിച്ചു; ആഭ്യന്തരമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

0
763
gnn24x7

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു.

റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതൽ 2 മണി വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. പൂർണസേനാ ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിൽ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിൻ റാവത്ത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. 1978 ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. മരിച്ചവരിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപും ഉൾപ്പെടുന്നു. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here