ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ന്യൂജനറേഷന്‍ എസ് യുവി ഥാറിന്റെ ലേലം തര്‍ക്കത്തില്‍. വാഹനം തത്കാലം ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തിക്ക് നല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹന്‍ദാസ് വ്യക്തമാക്കി.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ് യുവി ഥാര്‍ സമര്‍പ്പിച്ചത്. എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് ആണ് മഹീന്ദ്ര ഥാര്‍ പരസ്യ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ലേലം നടന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ലേലം നടന്നത്. അമല്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. അമല്‍ ബഹറിനിലാണ്. ഇയാള്‍ക്കു വേണ്ടി സുഭാഷ് പണിക്കര്‍ എന്ന സുഹൃത്താണ് ലേലത്തില്‍ പങ്കെടുത്ത്. അമല്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്ന് സുഭാഷ് പറഞ്ഞു. അമല്‍ തന്റെ 21കാരനായ മകന് സമ്മാനം നല്‍കാനാണ് കാര്‍ സ്വന്തമാക്കിയത്.
ലേലത്തിനു ശേഷം സുഭാഷ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വാഹനത്തിന് 21 ലക്ഷം രൂപ വരെ നല്‍കാന്‍ ഉടമ തയാറായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒരാള്‍ മാത്രം പങ്കെടുത്ത ലേലമാണ് നടന്നതെന്നും ഇതിനെ ലേലമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ആദ്യം ലേലം ഉറപ്പിച്ചെന്നു വ്യക്തമാക്കിയ ദേവസ്വം ബോര്‍ഡ് പിന്നീട് നിലപാട് മാറ്റി. ഇതോടെ, നിയമ നടപടി അടക്കം വിഷയങ്ങളിലേക്ക് കടത്തക്കുമെന്ന് സുഭാഷ് വ്യക്തമാക്കി.