അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 62 റണ്‍സെടുത്ത റൂട്ട് 1600 റണ്‍സ് പിന്നിട്ടു. ഇതോടെ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ റൂട്ട് ഇന്ത്യയുടെ മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറേയും സുനില്‍ ഗാവസ്‌കറേയും പിന്നിലാക്കി.
2008-ന് ശേഷം ഇത്രയും സ്‌കോര്‍ നേടുന്ന ആദ്യ താരവുമാണ് റൂട്ട്. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ പാകിസ്താന്റെ മുഹമ്മദ് യൂസുഫ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2016-ല്‍ 1788 റണ്‍സാണ് പാക് താരം നേടിയത്. 11 ടെസ്റ്റില്‍ നിന്ന് 99.33 ബാറ്റിങ് ശരാശരിയോടെയാണ് ഈ നേട്ടം. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 1976-ല്‍ 11 ടെസ്റ്റില്‍ നിന്ന് റിച്ചാര്‍ഡ്‌സ് നേടിയത് 1710 റണ്‍സാണ്. ബാറ്റിങ് ശരാശരി 90.00. 2008-ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രേയാം സ്മിത്ത് 1600-ന് മുകളില്‍ റണ്‍സ് നേടി മൂന്നാം സ്ഥാനം നേടി. അന്ന് 1656 റണ്‍സാണ് താരം അടിച്ചെടുത്തത്. നിലവില്‍ 1606 റണ്‍സ് അക്കൗണ്ടിലുള്ള റൂട്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ പട്ടികയില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ് സച്ചിനും ഗാവസ്‌കറും. 2010-ല്‍ സച്ചിന്‍ ടെസ്റ്റില്‍ നിന്ന് 1562 റണ്‍സ് അടിച്ചെടുത്തു. 1979-ല്‍ 1555 റണ്‍സ് ഗാവസ്‌കര്‍ നേടിയത്.