തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്. അവിവിവാഹിതയായ മേഘ വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും പൊലീസ് കണ്ടെത്തി.
ചൊവ്വാഴ്ചയാണ് പുഴയ്ക്കലിൽ എംഎൽഎ റോഡിലുള്ള കനാലിൽ നവജാതശിശുവിന്‍റെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്നു സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബൈക്കിൽ രണ്ടു പേർ ചാക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതു വരടിയം സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇമ്മാനുവലും അയൽവാസിയായ മേഘയും തമ്മിൽ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മേഘ ഗർഭിണിയാകുകയും ശനിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽ പ്രസവിക്കുകയും ചെയ്തു. എന്നാൽ മേഘ ഗർഭിണിയായതും പ്രസവിച്ച കാര്യവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. വീട്ടുകാർ ശ്രദ്ധിക്കാതിരിക്കാൻ ശരീരത്തിൽ പ്രത്യേക തുണി ചുറ്റിയിരുന്നതായി മേഘ പൊലീസിനോടു പറഞ്ഞു. പ്രസവിച്ചയുടൻ, കുഞ്ഞ് കരയാതിരിക്കാൻ നേരത്തേ കരുതിവച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുക്കിയെന്നാണ് മേഘ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ചയാണ് ഇമ്മാനുവലും സുഹൃത്തും ചേർന്നു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ശനിയാഴ്ച രാത്രി മുഴുവൻ കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നു മേഘ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തി പൊലീസ് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് മേഘയുടെ അച്ഛനും അമ്മയും ഇളയ സഹോദരിയും കാര്യങ്ങൾ അറിയുന്നത്. ചോദ്യംചെയ്യലിൽ മേഘ കുറ്റം സമ്മതിക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.