ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ. നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചതായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
വെല്ലൂരിലെ പ്രത്യേക വനിതാ ജയിലിലാണു നളിനിയെ തടവിൽ പാർപ്പിച്ചിരുന്നത്. അസുഖ ബാധിതയായ അമ്മ പദ്മയുടെ തുടർച്ചയായ അഭ്യർഥനകളെ തുടർന്നാണു തമിഴ്നാട് സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചത്.
ജസ്റ്റിസുമാരായ പി.എൻ. പ്രകാശ്, ആർ. ഹേമലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുൻപാകെ ഹർജിയെത്തിയപ്പോഴാണ് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ പരോൾ അനുവദിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ഹർജി തീർപ്പാക്കിയതായി പദ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എം. രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. വെല്ലൂരിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം നളിനിക്കു താമസിക്കാം. ഇതു രണ്ടാം തവണയാണ് ഇവർക്കു പരോൾ ലഭിക്കുന്നത്.