മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. പൂള്‍ എ യിലെ അവസാന മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലില്‍ ഇടം നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഹാട്രിക്ക് നേടിയപ്പോള്‍ മോണിക്ക, ജ്യോതി എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. വന്ദന കടാരിയ, മരിയാന കുജുര്‍ എന്നിവരും ലക്ഷ്യം കണ്ടു. സിങ്കപ്പുരിനായി ലി മിന്‍ തോ ആശ്വാസ ഗോള്‍ നേടി.
സെമിയില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി. ഈ സെമി ഫൈനല്‍ പ്രവേശനത്തോടെ 2022 എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സ്‌പെയിനിലും നെതര്‍ലന്‍ഡ്‌സിലുമായാണ് ലോകകപ്പ് നടക്കുന്നത്.