gnn24x7

AIC ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ

0
198
gnn24x7

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) 19-ആം ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും. സമ്മേളനനടത്തിപ്പിനായി വിപുലമായ സ്വാഗതസംഘവും വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് നൂറുകണക്കിന് പാർട്ടിപ്രവർത്തകർ പങ്കെടുത്ത റാലിയായി എത്തിച്ച രക്തപതാക സമ്മേളനനഗറിൽ ഉയർത്തും.

സമ്മേളനത്തിന്റെ ആദ്യദിനത്തിൽ കലാസാംസ്കാരിക സന്ധ്യയും പൊതുസമ്മേളനവും നടക്കും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേരുന്നവർ പങ്കെടുക്കുന്ന പൊതുസമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറി സ.സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ പ്രമുഖ നേതാക്കൾ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

പൊതുസമ്മേളനത്തിലെ കലാ സാംസ്കാരികസന്ധ്യ ഒരുക്കുന്നത് പുതുതായി രൂപീകൃതമാവുന്ന പുരോഗമന കലാസാംസ്കാരിക സംഘടനയായ കൈരളി യുകെ ആണ്. സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ, സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് .

പാർട്ടിയുടെ ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഫെബ്രുവരി 6നു സ. ഹരിദേവ് ദാസൻജ് നഗറിൽ നടക്കും.

പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളെയും ക്ഷണിക്കുന്നതായി പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ സ്വാഗതസംഘം ഭാരവാഹികളായ സ.ബിനോജ് ജോൺ, സ.രാജേഷ് കൃഷ്ണ എന്നിവർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here